കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2022 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി ഗൗതം എസ്. നാരായൺ ഒന്നാം സ്ഥാനം നേടി. കോട്ടയം പുതുവേലി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥി എയ്ഞ്ചല ആൽവിൻ രണ്ടാം സ്ഥാനവും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ബാല വർമ്മ. കെ മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിലെ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ബല്ല ഈസ്റ്റിലെ പത്താംക്ലാസ് വിദ്യാർഥി ശ്രീനന്ദൻ കെ. രാജ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം പ്രവിത്താനം സെയിന്റ് മൈക്കിൾസ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ജോസഫ് നിയോ ബിൻസ് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കാരാകുറുശ്ശിയിലെ ഒൻപതാംക്ലാസ് വിദ്യാർഥി ഷിബില. ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സ്‌കോളർഷിപ്പ് തുക ലഭിക്കുക. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ പങ്കെടുത്തത്. സംസ്ഥാനതല സ്‌കോളർഷിപ്പ് കൂടാതെ ഓരോ ജില്ലയിലും ചുരുങ്ങിയത് അറുപതു കുട്ടികൾക്ക് ആയിരം രൂപ വീതവും നൂറു കുട്ടികൾക്ക് അഞ്ഞൂറു രൂപ വീതവും സ്‌കോളർഷിപ്പ് ലഭിക്കും.