
ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.

പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. ആശുപത്രിയിൽ എത്തിച്ചവരിൽ മൂന്ന് പേർ അവശനിലയിലായിരുന്നു. ഇവരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
