പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യരണ്ടുദിവസം നാലുവീതം ബില്‍ സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്‍ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന് തുല്യമാക്കുകയാണ് ഉദ്ദേശ്യം. 58 ആക്കണമെന്നാണ് രജിസ്ട്രാറുടെ ശുപാര്‍ശ.
ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ് ഭൂമികൂടി ഏറ്റെടുക്കല്‍ പട്ടികയില്‍പ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികള്‍ (വിലയ്ക്കെടുക്കല്‍) നിയമ ഭേദഗതി നിര്‍ദേശം അടങ്ങിയ ബില്‍, വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത് മറ്റ് സര്‍വകലാശാലകള്‍ക്ക് തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല (ഭേദഗതി) ബില്‍, ബധിരരും മൂകരും കുഷ്ഠരോഗ ബാധിതരുമായവര്‍ക്ക് ഖാദി ബോര്‍ഡ് ഭരണസമിതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് (ഭേദഗതി) ബില്‍ എന്നിവയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കും.
അബ്കാരി തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലുടമയുടെ അംശദായ വിഹിതം ഉയര്‍ത്താനുള്ള തീരുമാനം ചൊവ്വാഴ്ച സഭ പരിഗണിക്കും. അനധികൃത മണല്‍ ഖനനത്തിന് പിഴ ശിക്ഷ 25,000 രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തുന്ന കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍, ഭൂമിയുടെ ഉടമസ്ഥാവകാശ സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട ലാന്‍ഡ് ട്രിബ്യൂണല്‍ ഉത്തരവില്‍ അപ്പീല്‍ അവകാശം ഉറപ്പാക്കുന്ന കേരള ഭുപരിഷ്‌കരണ (ഭേദഗതി) ബില്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധിയില്‍ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവയും ചൊവ്വാഴ്ച അവതരിപ്പിക്കും.