സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മംഗലംഡാം തളികക്കല്ല് കോളനിയിൽ നിർമാണം പൂർത്തീകരിച്ച 37 വീടുകൾ, റോഡ്, പാലം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്ത് ആകെ 1,286 കോളനികളിൽ 1,030 എണ്ണത്തിൽ ഇന്റർനെറ്റ് ഒരുക്കാൻ കഴിഞ്ഞു.
ബാക്കിയുള്ള കോളനികളിൽകൂടി സൗകര്യം എത്തുന്നതോടെ രാജ്യത്തുതന്നെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും പ്രത്യേകശ്രദ്ധ ചെലുത്തും. കോളനികളെ ലഹരിവിമുക്തമാക്കണം. എങ്കിലേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തമാക്കാനും കഴിയൂ എന്നും മന്ത്രി പറഞ്ഞു.
സി ടി കൃഷ്ണൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ്, എസ് ബിന്ദു, എം ഗിരീഷ്, ആർ ചന്ദ്രൻ, പി ശശികല, പി എച്ച് സെയ്താലി, സുബിത മുരളീധരൻ, എസ് ഷക്കീർ, ബീന ഷാജി, കെ കെ മോഹനൻ, സി അരവിന്ദാക്ഷൻ, കെ എ സാദിക്കലി, ഊരുമൂപ്പൻ എസ് നാരായണൻ എന്നിവർ സംസാരിച്ചു.