
2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.
വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആറു മാസത്തോളം സമയം അനുവദിച്ചിട്ടുള്ളതിനാൽ വില്ലേജ് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളിലും പെൻഷൻ ഗുണഭോക്താക്കൾ കൂട്ടമായെത്തുന്നത് തിരക്കു വർധിക്കുന്നതിനു കാരണമാകുന്നുണ്ട്. 2023 ഫെബ്രുവരി 28നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്കു മാത്രമേ പെൻഷൻ തടയപ്പെടുകയുള്ളൂ. നിലവിൽ അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും. 2020 ജനുവരി ഒന്നു മുതൽ പെൻഷൻ അനുവദിക്കപ്പെട്ടവർ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.

