ഈ വർഷത്തെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിനയ്ക്ക്.അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. തോഗോയിൽ നിന്നുള്ള ഫെർഡിനാന്റ് അയീറ്റേ, ജോർജിയൻ മാധ്യമപ്രവർത്തക നിക ജരാമിയ, മെക്‌സിക്കോയിൽ നിന്നുള്ള മരിയ തെരേസ മൊണ്ടാനോ എന്നിവരാണ് പുരസ്കാരം നേടിയ മറ്റ് മൂന്ന് പേർ.

ഭീഷണികളോ ആക്രമണങ്ങളോ വകവെയ്ക്കാതെ പത്രസ്വാതന്ത്ര്യം സംരക്ഷിച്ച് ധീരമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനാണ് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നൽകി വരുന്നത്. ഇരുപത്തിയേഴ് വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ ഇതുവരെ ഇന്ത്യയിൽ നിന്നും മൂന്ന് പേർക്കായിരുന്നു പുരസ്കാരം ലഭിച്ചത്. കാശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഡിൽ നിന്നുള്ള മാലിനി സുബ്രഹ്‌മണ്യന്‍ (2016), ഡല്‍ഹിയിൽ നിന്നുള്ള നേഹ ദീക്ഷിത് (2019) എന്നിവരായിരുന്നു പുരസ്കാരം നേടിയത്.

25 വർഷത്തിലേറെയായി ഇന്ത്യൻ മാധ്യമ രംഗത്ത് സജീവമാണ് ഷാഹിന. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ജനയുഗം നാഷ്ണൽ ബ്യൂറോയിൽ പ്രവർത്തിച്ചു. 2010 ൽ തെഹൽകയുടെ സ്പെഷ്യൽ കറസ്പോണ്ടന്റായി. ഈ സമയത്ത് പിഡിപി നേതാവ് മഅദനിക്കെതിരായ കേസില്‍ കര്‍ണാടക പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ സാക്ഷികള്‍ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി കൊണ്ട് ഷാഹിന ചെയ്ത വാർത്ത വലിയ വിവാദമായി. വാർത്തയുമായി ബന്ധപ്പെട്ട് ഷാഹിനയ്ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. നിലവിൽ ഔട്ട് ലുക്കിൽ എഡിറ്ററാണ് ഷാഹിന.തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങളും ഷാഹി സ്വന്തമാക്കിയിട്ടുണ്ട്.