പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്താൻ നൽകാൻ പറ്റിയതിലുള്ള സന്തോഷത്തിലാണ് എറണാകുളം കളമശ്ശേരി സ്വദേശി അനൂപ്. പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിച്ചപ്പോഴാണ് അനൂപ് ഭക്ഷണം പാകം ചെയ്ത് നൽകിയത്. പ്രധാനമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ടെന്നും അനൂപ് പറഞ്ഞു. വളരെ സൗമന്യായ മനുഷ്യനാണ് അദ്ദേഹമെന്നും അനൂപ് പറഞ്ഞു.

പ്രധാനമന്ത്രി അനൂപിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് ഹോട്ടൽ വിട്ടത്. ഭക്ഷണം ഏറെ ഇഷ്ടപ്പെട്ടെന്ന് മോദി പറഞ്ഞു. കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ചെന്നും അനൂപ് പറഞ്ഞു. മീഡിയവണിനോടായിരുന്നു അനൂപിന്റെ പ്രതികരണം. പ്രധാനമന്ത്രിക്ക് ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി തന്റെ വീട്ടിലും അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടുകാരും വിവരം അറിയുന്നതെന്ന് അനൂപ് പറഞ്ഞു.

21 കൊല്ലമായി താൻ ഷെഫായി ജോലി ചെയ്യാൻ തുടങ്ങിയിട്ടെന്നും താൻ ജോലി തുടങ്ങുന്ന ആ സമയത്ത് നാട്ടിൽ ഷെഫിൻറെ ജോലി അത്ര പ്രസിദ്ധമായിരുന്നില്ലെന്നും ഇപ്പോളും അങ്ങനെയാണെന്നും അനൂപ് പറയുന്നു. ഒരു വീട്ടുജോലിക്കാരന്റെ നിലവാരത്തിലാണ് കണ്ടിരുന്നതെന്നും അനൂപ് പറഞ്ഞു. അനൂപ്‌ കളമശേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് പാചകം പഠിച്ചത്. 16 വർഷം അനൂപ് വിദേശത്താണ് ജോലി ചെയ്തത്. കൊച്ചിയിലെ ട്രൈഡന്റ്‌, ലെ മെറിഡിയൻ എന്നിവയിലും ആലപ്പുഴയിലെ ഒബ്‌റോയ് വൃന്ദ എന്ന ആഡംബര യാനത്തിലും അനൂപ് ജോലി ചെയ്തിരുന്നു. മൂന്നുവർഷമായി കെയ്റോയിലെ ഹോട്ടലിലാണ് അനൂപ് പ്രവർത്തിക്കുന്നത്. ഖത്തർ, ജിദ്ദ, മലേഷ്യ തുടങ്ങി ഒമ്പത് രാജ്യങ്ങളിലും ഒമാൻ രാജകുടുംബത്തിന്റെ ഷെഫായും ഇദ്ദേഹം പ്രവർത്തിച്ചു. സിനിമാ സംവിധായകൻ നാദിർഷാ പിതൃസഹോദരീ പുത്രൻ ആണ്. ഉമ്മ: സൈനബ. ഭാര്യ: സജന. മക്കൾ: സമ്റ, സാക്കി.