കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസിനെയാണ് വിജിലൻസ് സംഘം അറസ്റ്റുചെയ്തത്. ഹോംസ്റ്റേയ്ക്ക് ലൈസസൻസ് നൽകുന്നതിന് നൽകുന്നതിന് അപേക്ഷയുമായി എത്തിയ ആലപ്പുഴ മാരാരിക്കുളം സ്വദേശി യു മണിയിൽനിന്നാണ് ഹാരിസ് കൈക്കൂലി ആവശ്യപ്പെട്ടത്.
മാരാരിക്കുളം സ്വദേശിയായ മണി വീടിനോട് ചേർന്ന് പുതുതായി നിർമിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെ നടപടിയൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് വ്യാഴാഴ്ച ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാലെ അനുമതി ലഭിക്കുയെന്ന് അറിഞ്ഞു. എന്നാൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ഹാരിസ് ആവശ്യപ്പെടുകയായിരുന്നു. കൈയിൽ അത്രയും തുക തരാനാലില്ലെന്ന് അറിയിച്ചതോടെ രൂപയുമായി വെള്ളി രാവിലെ 10.30 ഓടെ എത്താൻ നിർദേശിച്ചു. തുടർന്ന് പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ പരാതി അറിയിക്കുകയായിരുന്നു.
വെള്ളി രാവിലെ വിജിലൻസ് ഒരുക്കിയ കെണിയിൽ ഹാരിസ് വീണു. ടൂറിസം ഓഫീസിലെത്തിയ അപേക്ഷകനിൽനിന്ന് ആദ്യഘഡുമായി 2,000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഹാരിസിനെ പിടികൂടിയത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഇൻസ്പെക്ടർമാരായ പ്രകാശ് കുമാർ, രാജേഷ് കുമാർ, എസ്ഐമാരായ വസന്ത്, സ്റ്റാന്റലി തോമസ്, എഎസ്ഐ ജയലാൽ, സുകേഷ്, സത്യപ്രഭ, എസ്സിപിഒമാരായ ഷിജു എസ് ഡി, ശ്യാം കുമാർ, സനൽ സഹദേവൻ, സിപിഒമാരായ സമീഷ്, സുധീഷ്, നീതു, രജനി രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.