ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി, നായിബ് ഖാസി കെ.കെ സുലൈമാന്‍ മൗലവി, ഹാഫിസ് പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്റാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി, അമീന്‍ മൗലവി കരമന എന്നിവര്‍ അറിയിച്ചു.

ദുല്‍ഹജ്ജ് 10നാണ് പെരുന്നാള്‍ ആഘോഷം. ഇതുപ്രകാരം ജൂണ്‍ 29 വ്യാഴാഴ്ചയാകും കേരളത്തില്‍ ആഘോഷം. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 28നാണ് പെരുന്നാള്‍. സൗദിയില്‍ ചാന്ദ്രമാസപ്പിറവി ഞായറാഴ്ച വൈകീട്ട് ദൃശ്യമായിരുന്നു. 27 ബുധനാഴ്ചയാണ് അറഫാ സംഗമം. ഹജ്ജ് കര്‍മങ്ങളുടെ പ്രധാന ചടങ്ങാണ് അറഫ മൈതാനത്തെ ഹാജിമാരുടെ സംഗമം.

പ്രവാചകന്‍ ഇബ്രാഹീം, പത്‌നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ത്യാഗസ്മരണയിലാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുക. വാര്‍ധക്യത്തിലെത്തിയ വേളയില്‍ പിറന്ന മകന്‍ ഇസ്മാഈലിനെയും പത്‌നി ഹാജറയെയും ഇറാഖില്‍ നിന്ന് മക്കയിലെ മരുഭൂമിയിലെത്തിച്ചതും ഈ വേളയില്‍ ഹാജറ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ നടത്തിയ ത്യാഗങ്ങളുമെല്ലാമാണ് ഹജ്ജ് വേളയില്‍ ഹാജിമാര്‍ അനുസ്മരിക്കുക.ഹജ്ജിന്റെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം. ഹജ്ജിനെത്തിയ എല്ലാവരും പകല്‍ സമയം മണിക്കൂറുകളോളം അറഫ മൈതാനത്ത് ചെലഴിക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. മദീനയിലെത്തിയ ഹാജിമാര്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം മക്കയിലെത്തും. ഉംറ നിര്‍വഹിച്ച ശേഷം ഹജ്ജിനുള്ള ഒരുക്കങ്ങളിലാണ് പലരും. അതേസമയം, നേരിട്ട് മക്കയിലെത്തുന്ന ഹാജിമാര്‍ ഹജ്ജ് നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശിക്കും. ഇസ്ലാമിലെ അഞ്ച് പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഹജ്ജ്. സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണം എന്നാണ് നിര്‍ദേശം. ബലികര്‍മം ഈ പെരുന്നാളിന്റെ പ്രത്യേകതയാണ്. ബലി അറുക്കുന്ന മൃഗത്തിന്റെ മാംസം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്.