എത്ര കോടി രൂപ നഷ്ടപരിഹാരമായി നൽകിയാലും ഏറെ വിലപ്പെട്ട ജീവന് അതൊന്നും പകരം ആവില്ലെന്ന് ഹൈക്കോടതി. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ നിരീക്ഷണം.
ഡോ വനന്ദനയുടെ കുടുംബത്തിന് 25 ലക്ഷം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥനത്തിലാണ് ഹർജി തീർപ്പാക്കിയത്. 25 ലക്ഷമല്ല, 25 കോടിയോ 2500 കോടിയോ നൽകിയാൽ പോലും മനുഷ്യജീവന് പകരമാവില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ ഹൈകോടതി മാർഗനിർദേശങ്ങളുണ്ടാക്കണം എന്നും ആവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണ് ഹരജി നൽകിയത്.