ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ബീനാറാണിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.
നീണ്ടകര ഹാര്‍ബര്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള ഡീസല്‍ ബാങ്കുകള്‍ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബാങ്കുകള്‍ തുറന്നു കൊടുക്കും.
ട്രോളിങ് ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ മത്സ്യവുമായി ഹാര്‍ബറിലേക്ക് വരാന്‍ അനുവദിക്കുകയുള്ളൂ. ഇതരസംസ്ഥാന ബോട്ടുകള്‍ ടെറിട്ടോറിയല്‍ ഏരിയയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി കര്‍ശന നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിക്കും.
ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. ലൈറ്റ് ഫിഷിങ് ഉള്‍പ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികളും നിരോധിത വലകള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി തടയുകയും നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യൂം. ഒന്‍പതിനു രാവിലെ മുതല്‍ ഉച്ചവരെ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കടലിലും ഉച്ചയ്ക്ക് ശേഷം തീരദേശ മേഖല മുഴുവനായും ട്രോളിങ് നിരോധനം സംബന്ധിച്ച അനൗണ്‍സ്മെന്റുകള്‍ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുബൈര്‍ പറഞ്ഞു