ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഴമയ്ക്ക് കോട്ടം വരുത്താതെ പുരാവസ്തു മ്യൂസിയങ്ങള്‍ പുനസജ്ജീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കല്ലടയറിന് കുറുകെ 135 വര്‍ഷങ്ങള്‍ പിന്നിട്ട തൂക്കുപാലം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ചെറുപ്പമായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പാലത്തിന്റെ സംരക്ഷണ പ്രവര്‍ത്തികള്‍ കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്. പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കല്‍കമാനങ്ങളുടെ അറ്റകുറ്റപ്പണി, കല്‌ക്കെട്ടുകളുടെ പുനര്‍നിര്‍മാണം, ദ്രവിച്ച തമ്പകത്തടികള്‍ മാറ്റിയിടല്‍, മണ്ണൊലിപ്പ് തടയുന്ന ഭിത്തിയുടെ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്.
പുരാവസ്തുവകുപ്പ് 27 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗര്‍ഡറുകളിലെ തുരുമ്പു നീക്കി ചായം പൂശി. പാലത്തില്‍ പാകിയിട്ടുള്ള തമ്പക പലകകളില്‍ കശുവണ്ടിക്കറ പൂശി ബലപ്പെടുത്തി. വടക്കുവശത്തെ തകര്‍ന്ന പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിച്ചു. കല്‍ക്കമാനങ്ങളുടെ അടിത്തട്ടും ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നടത്തിയത്.