രണ്ടാംഘട്ടമായി 50 ഏക്കർകൂടി കൈമാറി

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട വിളപ്പിൽശാല ആസ്ഥാനമായുള്ള ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് കൈമാറി. ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. രണ്ട് ഘട്ടങ്ങളിലായി 100 ഏക്കർ ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്.

സാങ്കേതിക സർവകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും. സർവകലാശാല ആസ്ഥാനത്തിന് സമീപത്തായി തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് (ട്രെസ്റ്റ് പാർക്ക്) നിർമിക്കും. ഇതിന്റെ ഭാഗമായാണ് 68 ഭൂവുടമകളിൽ നിന്നും 50 ഏക്കർ ഭൂമി രണ്ടാംഘട്ടമായി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ 136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി കഴിഞ്ഞ വർഷം സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. മദ്രാസ് ഐ.ഐ.ടി പാർക്കിന്റെ മാതൃകയിലുള്ള വ്യവസായ ഗവേഷണ പാർക്കാണ് ഇവിടെ നിർമിക്കുന്നത്.

21 വീടുകൾ ഉൾപ്പെടുന്ന ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്. കിഫ്ബി വഴി 190 കോടി രൂപയാണ് നഷ്ടപരിഹാരമായി രണ്ടാംഘട്ടത്തിൽ നൽകുന്നത്. നഷ്ടപരിഹാരം ഒരാഴ്ചക്കുള്ളിൽ ഭൂവുടമകളുടെ അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടത്തിൽ 184 കോടി രൂപയുടെ നഷ്ടപരിഹാരം, സർവകലാശാല നൽകിയിരുന്നു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയുൾപ്പെടെയാണ് നഷ്ടപരിഹാരം നൽകുന്നത്.