ചികിത്സാരംഗത്ത് കേരളമാതൃകയുടെ ചുവടുപിടിച്ച് ഓയൂർ സിഎച്ച്സി അടിമുടി മാറും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 89.64 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഒഴിഞ്ഞ ഭാഗത്തും താഴ്ചയിലും ആയിരുന്ന ഒപി ബ്ലോക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി. എച്ച്എംസി വഴി ഡോക്ടറെ നിയമിച്ചു. ഫിസിയോതെറാപ്പിസ്റ്റിന്റെയും സെക്യൂരിറ്റിയുടെയും ലാബ് ടെക്നീഷ്യന്റെയും സേവനം ഉറപ്പാക്കി. വൈദ്യുതി നവീകരണത്തിനും ചുറ്റുമതിലിനും നടപ്പാതയ്ക്കും ഫണ്ട് അനുവദിച്ച് പണികൾ ആരംഭിച്ചു. പാലിയേറ്റീവ് ചികിത്സ, ദൈനംദിന ചിലവുകൾ മുതലായവയ്‌ക്കടക്കം ബ്ലോക്ക് പഞ്ചായത്ത് തുക മാറ്റിവച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡ് നിർമാണവും അവസാന ഘട്ടത്തിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അറിയിച്ചു.