എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ
റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനായുള്ള ഫോൺ ഇൻ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിതരണം ചെയ്യുന്ന അരിയിൽ നിറം ചേർക്കുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുവെന്നുറപ്പാക്കാൻ പരിശോധന നടത്തുമെന്നും ഇത് സംബന്ധിച്ച പരാതികൾ പരിഗണിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.
അനർഹമായി മുൻഗണന കാർഡുകൾ ഉപയോഗിക്കുന്നവരോട് പിഴയോ ശിക്ഷയോ കൂടാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 1,72,312 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു. സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ യെല്ലോ’ യുടെ ഭാഗമായി ലഭിച്ച 17596 പരാതികളിൽ നടപടി സ്വീകരിച്ച് 4,19,19,486/രൂപ പിഴയീടാക്കിയതായി മന്ത്രി അറിയിച്ചു. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരുടെ വിവരങ്ങൾ 9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പരിലും അറിയിക്കാം.
സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 76,460 പിങ്ക് കാർഡുകളും, 240271 വെള്ള കാർഡുകളും 6728 ബ്രൗൺ കാർഡുകളും ഉൾപ്പെടെ ആകെ 3,23,459 കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 266849 പിങ്ക് കാർഡുകളും 20674 മഞ്ഞ കാർഡുകളും തരം മാറ്റി നൽകി. ശനിയാഴ്ച നടന്ന ഫോൺ ഇൻ പരിപാടിയിൽ ആകെ 22 പരാതികളാണ് ലഭിച്ചത്. റേഷൻ കാർഡ് ബി.പി. എൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യമായിരുന്നു ഏറെയും.