തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഫൗണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.അദീബ് & ഷഫീന ഫൗണ്ടേഷന്റെ സഹകരണം ശിശുക്ഷേമസമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ മന്ദിരവും അവിടത്തെ സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ലഭിച്ച പുതുവത്സര സമ്മാനമാണ്. 6 മുതല്‍ 18 വരെ പ്രായമുള്ളതും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുമായ കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും മികച്ച സൗകര്യങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു കെട്ടിടം നിര്‍മ്മിക്കാന്‍ ശിശുക്ഷേമ സമിതിയും അദീബ് & ഷഫീന ഫൗണ്ടേഷനും തീരുമാനിച്ചത്.
സമിതിയുടെ ആവശ്യം ശരിരായ രീതിയിൽ മനസിൽ ഏറ്റുവാങ്ങിയ ഷഫീനയും തുടർപ്രവർത്തനങ്ങൾ ഇവിടെ വരെ ഭംഗിയായി കൂടെ നിന്ന് നേതൃത്വം നൽതിയ അദീബും ഏതൊരു വികാരമാണ് മനസിൽ സൂക്ഷിച്ചതെന്ന് അദീബിന്റെ വാക്കുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ കുട്ടികൾക്ക് ചെയ്യുന്നതൊന്നും അധികമാകില്ല. തങ്ങളിൽ കഴിയുന്നത് ചെയ്യുന്നത് പ്രതിബദ്ധതയുടെ ഭാഗമെന്ന് തിരിച്ചറിഞ്ഞാണ് മന്ദിരം നിർമ്മിച്ച് നൽകിയത്. അതിന് നേതൃത്വം നല്‍കുന്ന അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ശിശു സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രർത്തിക്കുന്നത്. ഒന്‍പതു ജില്ലകളിലാണ് സമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇത് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവയ്ക്കു പുറമെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള അമ്മത്തൊട്ടില്‍ സംവിധാനം പതിനാലു ജില്ലകളിലും പ്രവര്‍ത്തിച്ചു വരികയാണ്. എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് അമ്മത്തൊട്ടില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനെല്ലാം പുറമെ ബഹുമുഖ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരമാണ് അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.