മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന ഉപാധി പുസ്തകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.ചടങ്ങിൽ പ്രഥമ നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥകൾ കൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനായ വ്യക്തിയാണ് ടി. പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ് പതിറ്റാണ്ടിനിപ്പുറവും ചെറുകഥാലോകത്ത് ടി. പത്മനാഭനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. ലോകത്തിന്റെ തിന്മകളെയും അസഹിഷ്ണുതയെയും ടി പത്മനാഭൻ കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്.