ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുന്നു. ജില്ലയ്ക്കുള്ള പുതുവർഷ സമ്മാനമായി ഈ മാസം നാടിനു സമർപ്പിക്കാനാണു നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആശ്രാമം ഗെസ്റ്റ് ഹൗസ് മൈതാനത്ത് 3.82 ഏക്കർ സ്ഥലത്ത് 91,000 ചതുരശ്രയടി വിസ്തീർണത്തിലാണ് സാംസ്കാരിക സമുച്ചയം.
എം.മുകേഷ് എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ശ്രീനാരായണ സാംസ്കാരിക സമുച്ചയം തെക്കൻ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാ കേന്ദ്രമായി മാറും. കേരളീയ വാസ്തുശിൽപ മാതൃകയിലാണ് നിർമാണം.
എൻട്രൻസ് പ്ലാസ, എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപ്പൺ എയർ തിയറ്റർ എന്നിങ്ങനെ 4 ഭാഗങ്ങൾ ഉൾപ്പെടുന്ന സമുച്ചയം 44.41 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. എൻട്രൻസ് പ്ലാസയ്ക്കു മാത്രം 15,000 അടി ചതുരശ്ര അടി വിസ്തീർണമുണ്ട്.
മെമ്മോറിയൽ ഹാൾ, ഗ്രന്ഥശാല, അഡ്മിൻ ഏരിയ ക്രാഫ്റ്റ് മ്യൂസിയം, യോഗങ്ങൾ ചേരുന്നതിനുള്ള മുറി എന്നിവ എൻട്രൻസ് പ്ലാസയിൽ ഉൾപ്പെടും.
എക്സിബിഷൻ ബ്ലോക്കിന് 38,500 ചതുരശ്ര അടി വിസ്തീർണമുണ്ട്. ആർട്ട് ഗ്യാലറി, ബ്ലാക്ക് ബോക്സ് തിയറ്റർ, എക്സിബിഷൻ ഹാൾ, ക്ലാസ് മുറികൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് .ഇത്. 37,500 ചതുരശ്രയടി വിസ്തീർണത്തിലാണ് പെർഫോമൻസ് ബ്ലോക്ക്. ഓഡിറ്റോറിയം. എവി തിയറ്റർ, സെമിനാർ ഹാൾ, റിഹേഴ്സൽ ഹാൾ എന്നിവ ഇതിലുണ്ട്. 900 ഇരിപ്പിടങ്ങളോടു കൂടിയതാണ് ഓപ്പൺ എയർ തിയറ്റർ.