വസ്തുക്കളുടെ ഘര്‍ഷണസ്വഭാവം പരിശോധിക്കാന്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി) മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ഒന്നിലേറെ പ്രതലങ്ങള്‍ തമ്മിലുരസി നീങ്ങുന്നത് മിക്ക യന്ത്രങ്ങളിലുമുണ്ട്. റോട്ടറി സ്ലൈഡിങ്, ഗ്രൈന്‍ഡിങ്, പിസ്റ്റണ്‍, ബ്രേക്ക് ഡിസ്ക് തുടങ്ങിയവ ഉദാഹരണങ്ങള്‍. അങ്ങനെ നീങ്ങുമ്പോഴുള്ള ഘര്‍ഷണത്തിന്റെ സ്വഭാവവും തേയ്മാനത്തിന്റെ തോതും നിര്‍ണയിക്കുന്നതാണ് ‘ഡ്യൂവല്‍ ട്രൈബോ ടെസ്റ്റര്‍’ എന്ന ഈ ഉപകരണം.
ജെസിബി അടക്കമുള്ള യ ന്ത്രോപകരണങ്ങൾ, ഡ്രില്ലിങ് മെഷിനുകൾ, വാഹനങ്ങളുടെ ഷാഫ്റ്റുകൾ എന്നിവയുടെ കാലപ്പഴക്കം നിർണയിക്കാനും സഹായകമാണ്. കൂടാതെ വിവിധ ഉപകരണനിർമാണ മേഖലയിലുള്ള ഗവേഷകർക്കും മറ്റും ഈ ഉപകരണത്തിന്റെ സഹായം പ്രയോജനപ്പെടുത്താം.
മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം ഗവേഷണ മാര്‍ഗദര്‍ശികളായ ഡോ. എന്‍ അശോക് കുമാറിന്റെയും ഡോ. വി ആര് രാജീവിന്റെയും നേതൃത്വത്തില്‍, ഗവേഷക വിദ്യാര്‍ഥികളായ എന്‍ ശശിയും പോള്‍ ജി പണിക്കരുമാണ് ഉപകരണം വികസിപ്പിച്ചത്. ഇതേ കോളേജിലെ അ സിസ്റ്റന്റ് പ്രൊഫസര്കൂടിയാണ് ശശി. കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ പോള്‍ വിഎസ്എസ്സിയില് എന്‍ജിനിയറാണ്.
എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ എന്‍ജിനിയറിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്നിന്നാണ് ഗവേഷണത്തിനുള്ള ഫണ്ട് ലഭിച്ചത്. ഒന്നേകാൽ ലക്ഷത്തോളമാണ് ഉപകരണമൊരുക്കാൻ ചെലവ്.