കോട്ടുക്കൽ ജില്ലാ കൃഷിഫാമിൽ ഏഴുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ. കോട്ടുക്കൽ മേളക്കാട് സ്ഥാപിച്ച പ്രവേശന കവാടത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു. നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഫാമിൽ വികസന പദ്ധതികൾ നടപ്പാക്കുന്നത്. ടിഷ്യൂ കൾച്ചർ ലാബിന് രണ്ടുകോടി രൂപയും ഫെൻസിങ്‌ പരിശീലന കേന്ദ്രത്തിനായി അഞ്ചുകോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഫാം ടൂറിസത്തിന്റെ  ഭാഗമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കൃഷി പഠനവിഷയം ആക്കുന്നവർക്കുകൂടി  കാർഷിക സംബന്ധമായ അറിവ് പകർന്ന് നൽകത്തക്ക രീതിയിൽ കോട്ടുക്കൽ കൃഷി ഫാം മാറുമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് അധ്യക്ഷയായി. ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബൈജു, അംഗങ്ങളായ ലളിതമ്മ, ബിന്ദു അശോകൻ, ഫാം സൂപ്രണ്ട് സിന്ധു ഭാസ്കർ, കൃഷി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ പ്രഭാദേവി തുടങ്ങിയവർ പങ്കെടുത്തു.