കുഞ്ഞ് തീവ്രപരിചരണത്തിലായിരിക്കുമ്പോൾ ഒപ്പം അമ്മയും കൂടെയുണ്ടായാലോ?
ആധുനിക വൈദ്യശാസ്ത്ര ലോകം നിർദേശിക്കുന്ന ഈ സംവിധാനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമിട്ടു.
തീവ്രപരിചരണത്തിലുള്ള കുഞ്ഞിനൊപ്പം അമ്മയുടെ സാന്നിധ്യം പൂർണ സമയം ഉറപ്പാക്കുന്നതാണ് മദർ-ന്യൂ ബോൺ കെയർ യൂണിറ്റ്.
സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായുള്ള മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യു. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാന്‍ കഴിയും. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്.