
സിവിൽ സ്റ്റേഷനിലെ 30 വയസ് കഴിഞ്ഞ വനിതാ ജീവനക്കാർക്കായി സ്തനാർബുദ, ഗർഭാശയ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി. ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം: അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ ആത്മ ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ക്യാൻസർ രോഗബാധയെ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ മികച്ച ചികിത്സ ഉറപ്പാക്കി രോഗം ഭേദമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കും പ്രിയപ്പെട്ടവർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാനും സാധിക്കും. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളിലേക്ക് ക്യാൻസർ അവബോധ പ്രചാരണം എത്തിക്കാൻ കഴിഞ്ഞാൽ മികച്ച രീതിയിൽ ജില്ലയിൽ ക്യാൻസർ പ്രതിരോധം നടപ്പാക്കാനാവുമെന്നും കലക്ടർ കൂട്ടിച്ചേർത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. എം എസ് അനു അധ്യക്ഷയായി. ജില്ലാ സബ് ജഡ്ജ് നിഷാ മുകുന്ദൻ വിശിഷ്ടാതിഥിയായി. എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പ്ലാസ, മാസ് മീഡിയ ഓഫീസർമാരായ എൻ.പ്രദീപ്, ടി.ഷാലിമ എന്നിവർ സംസാരിച്ചു.



