കടയ്ക്കൽ: ചടയമംഗലം ബ്ലോക്കടിസ്ഥാനത്തിൽ നബാഡിൻ്റെ ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കർഷകരുടെ പ്രസ്ഥാനമായ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തരിശ്ശ് രഹിത നെൽകൃഷി പദ്ധതി ‘നിറകതിർ’ നടപ്പിലാക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അരത്ത കണ്ഡപ്പൻ ക്ഷേത്രം ഏലായിൽ ഒരു ഹെക്ടർ തരിശ്ശ് നിലത്തിൽ ഞാറു നടീൽ ഉത്സവം കമ്പനി ചെയർമാൻ ജെ.സി.അനിൽ, ഡയറക്ടർ കെ.ജി.വിജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ഏലായിൽ നടന്ന ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ ഡോ.നടയ്ക്കൽ ശശി, സി.പി.ജസിൻ, എസ്.വിജയകുമാരൻ നായർ, എസ്.സുരേന്ദ്രൻ, റജീന, മനോജ് കുഞ്ഞപ്പൻ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ എസ്.ആർ.ബിനോജ്, സി.രാജീവ്, ജി.രാമാനുജൻ പിള്ള, വി.രാജു, ആർ. ജനാർദനൻ, ശിവദാസൻ പോറ്റി, ആർ.എസ്. ഗോപകുമാർ, പി.ഡി.എസ് പ്രതിനിധി ജി.എസ്.പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ ഘട്ടത്തിൽ പത്ത് ഏക്കർ തരിശ്ശ് നിലത്തിലാണ് കൃഷിയിറക്കുന്നതെന്നും ഉൽപ്പാദനത്തിലൂടെ ലഭിക്കുന്ന നെല്ല് സംസ്കരിച്ച് മാർക്കറ്റിൽ വിപണനം നടത്തുന്നതിന് കമ്പനി ലക്ഷ്യമിടുന്നു എന്നും കമ്പനി ചെയർമാൻ ജെ.സി.അനിൽ അഭിപ്രായപ്പെട്ടു.
ഫാർമർ പ്രൊഡ്യൂസർ കമ്പനി പുതുതായി ആരംഭിക്കുന്ന പ്രകൃതി ഇക്കോ ഷോപ്പ്, കെ.എഫ്.പി.സി. അഗ്രി ബസാർ, ഹരിതം പ്ലാൻ്റ് നഴ്സറി ആൻഡ് ഗാർഡൻ എന്നീ മൂന്ന് സംരംഭങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. കമ്പനി സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.