തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷ (ഹഡ്‌കോ)ന്റെ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ. അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്നതിലൂടെ സുരക്ഷിതമായ കുടിവെള്ളം അമിത ചാർജ് ഇല്ലാതെ നഗരത്തിൽ ഉറപ്പാക്കാനാവുന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി. നഗരത്തിൽ ടാങ്കർ വഴിയുള്ള കുടിവെള്ള വിതരണം മികച്ച രീതിയിൽ നടപ്പാക്കിയതിന് ഒന്നാം സ്ഥാനമാണ് കോർപറേഷന്.

രാജ്യത്തെ ഏറ്റവും ഫലപ്രദമായ. സേപ്‌റ്റേജ് ശേഖരണ-സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയതിനാണ് രണ്ടാമത്തെ പുരസ്‌കാരം. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്‌റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനം ആണ് കോർപ്പറേഷന്.

കുടിവെള്ള വിതരണത്തിനും കക്കൂസ് മാലിന്യ ശേഖരണത്തിനും ബുക്കിങ് മുതൽ ഫീസ് വരെയുള്ള സേവനം ഓൺലൈനായത് അവാർഡ് നേട്ടത്തിന് നഗരസഭയ്ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. നഗരസഭയുടെ 87 കുടിവെള്ള ടാങ്കറിലും സ്വകാര്യവാഹനങ്ങളിലും ജിപിഎസ് ഏർപ്പെടുത്തി കുടിവെള്ളത്തിന്റെ സുരക്ഷയും അമിത ചാർജ് ഈടാക്കുന്നില്ലായെന്നും ഉറപ്പിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനമാണുള്ളത്.

രാജ്യത്തെ തന്നെ മാതൃകാപരമായ കക്കൂസ് മാലിന്യ ശേഖരണ സംസ്‌കരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത്. ശേഖരിക്കുന്ന കക്കൂസ് മാലിന്യം കോർപറേഷന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കും. സ്വകാര്യ വാഹനങ്ങളുൾപ്പെടെ 36 ടാങ്കറാണ് കോർപറേഷൻ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ പ്രത്യേക കോൾ സെന്റർ സംവിധാനവുമുണ്ട്. ഏകദേശം 40 കോടി ലിറ്ററിലേറെ മാലിന്യം സംസ്‌കരിച്ചു കഴിഞ്ഞു.

മികച്ച പ്രവർത്തനങ്ങളിലൂടെ നിരവധി ശ്രദ്ധേയമായ പുരസ്‌കാരങ്ങളാണ് തിരുവനന്തപുരം നഗരസഭ ഈയടുത്ത കാലത്ത് സ്വന്തമാക്കിയത്. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്‌കാരം നഗരസഭ സ്വന്തമാക്കിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു.

അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്‌കാരം, വയോസേവന പുരസ്‌കാരം, ഭിന്നശേഷി സൗഹൃദനഗരസഭ തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നീളുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് മേയർക്ക് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്‌കാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *