നടി രശ്മിക മന്ദാനയെ ദേശീയ അംബാസഡറായി തെരഞ്ഞെടുത്ത് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. രാജ്യത്ത് സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ മുഖമായാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തെ നിയോഗിച്ചിട്ടുള്ളത്.

സൈബര്‍ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും രാജ്യം മുഴുവന്‍ പ്രചരണം നടത്തുന്നതിന് രശ്മിക നേതൃത്വം നല്‍കും. പുതിയ ചുമതല സംബന്ധിച്ച് രശ്മിക തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.

“നമുക്കും നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനുവേണ്ടി ഒന്നിക്കാം. സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധിപേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നത് “- രശ്മിക വീഡിയോയിൽ പറഞ്ഞു.

നേരത്തെ നടിയുടെ പേരില്‍ സൈബര്‍ ലോകത്ത് പ്രചരിച്ച ഡീപ് ഫെയ്ക്ക് വീഡിയോക്ക് എതിരെ രശ്മിക സധൈര്യം മുന്നോട്ട് വന്നിരുന്നു. സംഭവത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *