ഇവൾ ശ്രാവണിക്കുട്ടി, വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രീയപ്പെട്ട കാത്തുക്കുട്ടി. തൃക്കണ്ണാപുരം എസ്. എം യു. പി. എസ് ലെ LKG വിദ്യാർത്ഥിനി. ഇന്ന് നാടും വീടും വിദ്യാലയവും ഇവളുടെ പേരിൽ അഭിമാനിക്കുന്നു.

വയനാടിന്റെ നെഞ്ചുപിളർത്തി ഒരു രാത്രി കുത്തിയൊലിച്ചെത്തിയ ഉരുൾ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അതിജീവനത്തിനുള്ള കൈത്താങ്ങായി മലയാള നാട് ഒരുമിച്ച് സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയും ചേർത്തുവച്ചുകൊണ്ട് മാതൃകയാവുകയാണ് തൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ന്റെ ഈ കൊച്ചു മിടുക്കി.

തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയിൽ അവൾ ചേർത്തുവച്ച 5054 എന്ന കൊച്ചു വലിയ സ്നേഹത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചേർക്കുവാനായി കഴിഞ്ഞദിവസം കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് IAS ന് കൊല്ലം കളക്ടറേറ്റിൽ വച്ച് കൈമാറി.

കഴിഞ്ഞദിവസം നടന്ന പി ടി എ വാർഷിക പൊതുയോഗത്തിൽ വച്ച് കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മധു ഏറ്റു വാങ്ങി വിദ്യാലയധികൃതരെ ഏൽപ്പിച്ച സമ്പാദ്യക്കുടുക്കയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനായി കൊല്ലം കളക്ടറേറ്റിൽ കൈമാറിയത്.


ശ്രാവണിയുടെ അമ്മ സരിത രതീഷ്, അധ്യാപകർ, എന്നിവരുടെ സാന്നിധ്യത്തിൽ ആ കുഞ്ഞു കരങ്ങളിൽ നിന്നും സ്നേഹക്കുടുക്ക കൊല്ലത്തിന്റെ കളക്ടർ എൻ ദേവീദാസ് IAS ഏറ്റുവാങ്ങിയപ്പോൾ തൃക്കണ്ണാപുരം എസ് എം യു പി എസിലെ ശ്രാവണി എന്ന കൊച്ചു മിടുക്കി ഈ നാടിന്റെയും ഈ വിദ്യാലയത്തിന്റെയും അഭിമാനം ആവുകയാണ്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

error: Content is protected !!