തിരുവനന്തപുരം: യാത്രക്കിടയിൽ ലാൻഡിങ് ഗിയറുകൾക്ക് തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടർന്ന് വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി.സുലൂരിലെ എയർബേസിൽ ബുധനാഴ്ച പുറപ്പെട്ട വ്യോമസേന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ഇറക്കിയത്. പറക്കലിനിടയിൽ ലാൻഡിങ് ഗിയറുകളിൽ നിന്ന് മതിയായ സിഗ്നലുകൾ പൈലറ്റിന് കോക്ക് പിറ്റിൽ ലഭിച്ചിരുന്നില്ല.ഇതേ തുടർന്ന് വിമാനമിറക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും അടിയന്തരമായി ഇറക്കണമെന്നും കാണിച്ച് പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിവരം കൈമാറി. ബുധനാഴ്ച വൈകിട്ട് 5.40 ഓടെയാണ് പൈലറ്റ് വിവരം കൈമാറിയത്.

ഇതേ തുടർന്ന് എ.ടി.സി ഇക്കാര്യം വിമാനത്താവള അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനത്താവള അധികൃതരുടെയും വിമാനത്താവള സുരക്ഷാ സേനയുടെയും നേത്യത്വത്തിൽ സാഹചര്യം നേരിടാനുളള എല്ലാ തയ്യാറെടുപ്പുകളും റൺവേയിൽ സജ്ജമാക്കി. കമാൻഡോകൾ, വ്യോമസേനാ അധികൃതർ, വിമാനത്താവളത്തിലെയും ചാക്കയിലും നിന്നെത്തിയ അഗ്നിരക്ഷാസേനാ വാഹനങ്ങൾ, ഡോക്ടർമാർ, ആംബുലൻസ് അടക്കമുളള എല്ലാ സൗകര്യങ്ങളുമാണ് സജ്ജമാക്കിയത്. തുടർന്ന് 5.50 ഓടെ വിമാനത്തെ സുരക്ഷിതമായി ഇറക്കി. പൈലറ്റുമാരെ കുടാതെ 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.തുടർന്ന് വിമാനത്തിനെ വ്യോമസേനയുടെ ശംഖുംമുഖത്തുളള ടെക്‌നിക്കൽ ഏരിയയിലേക്ക് മാറ്റി.

..

error: Content is protected !!