കോവളം: താക്കോലുമായി കാറിനുള്ളിൽ കുടുങ്ങിയ കുരുന്നിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. വീട്ടുകാരെ മുൾമുനയിൽ നിർത്തിയ സമയമൊക്കെയും കാറിനുള്ളിൽ താക്കോലുമായി കളിക്കുകയായിരുന്നു രണ്ടരവയസുകാരൻ. തിങ്കളാഴ്ച രാവിലെ വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. രോഹിണി ഭവനിൽ നന്ദുവിൻ്റെ മകൻ ആരവ് ആണ് കളിക്കുന്നതിനിടയിൽ വാഹനത്തിനുള്ളിൽ അകപ്പെട്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ കാണാതെ വന്നതോടെ ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. 

പിതാവ് കാർ കഴുകിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് സംഭവം. ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തിരഞ്ഞുവെങ്കിലും ആദ്യം കണ്ടെത്താനായില്ല. ഡോർ തുറക്കാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സിൽ അറിയിച്ചു. എയർബാഗുള്ള കാറായതിനാൽ ഗ്ലാസ് പൊട്ടിക്കുന്നത് കുഞ്ഞിന് അപകടം വരുത്താൻ സാധ്യതയുണ്ടെന്ന് കണ്ടാണ് മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞത്. ഇതിനിടയിൽ വീട്ടുകാർക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ലഭിക്കുകയായിരുന്നു. തുടർന്ന് കാർ തുറന്ന് കുഞ്ഞിനെ പുറത്ത് എത്തിച്ചു. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ എ.എസ്‌.ടി.ഒ സജികുമാർ, ജി.എസ്‌.ടി.ഒ വിനോദ്‌കുമാർ, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ സന്തോഷ്‌കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടയിൽ രക്ഷാപ്രവർത്തന വീഡിയോ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയതോതിൽ വൈറലായി. ചില തമിഴ് ചാനലുകളിൽ ഉൾപ്പെടെ ബ്രേക്കിംഗ് ന്യൂസായി ദൃശ്യങ്ങൾ പ്രചരിച്ചു.

error: Content is protected !!