ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം അയത്തില്‍ വേലായുധ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്ത ദാസ് നഗരസഭ ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, വാര്‍ഡ് കൗണ്‍സിലര്‍ നസീമ, ഡെപ്യൂട്ടി ഡി എം ഒ ഡോ സാജന്‍ മാത്യൂസ്, ഡോ രജനി, പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ശാലിന, പ്രിന്‍സിപ്പല്‍ പത്മകുമാര്‍ എസ്, ഹെഡ്മിസ്ട്രസ് സജിത എ ആര്‍, പി റ്റി എ പ്രസിഡന്റ് അന്‍സര്‍ എ, പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു വയസിനും പത്തൊന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള 5,38,379 കുട്ടികള്‍ക്ക് ജില്ലയിലെ അതത് വിദ്യാലയങ്ങളിലും അങ്കണവാടികളിലും ഗുളിക നല്‍കുകയാണ്.

വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഗുളിക വിതരണം. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കാന്‍ ആല്‍ബന്‍ഡസോള്‍ ഗുളികയാണ് നല്‍കുന്നത്. ആറുമാസത്തിലൊരിക്കല്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടഞ്ഞ് ശാരീരിക വളര്‍ച്ച ഉറപ്പാക്കും. ഫെബ്രുവരി 15 ന് രണ്ടാം ഘട്ടത്തിലും കഴിക്കാത്തവര്‍ക്ക് ഗുളിക ലഭിക്കും.