ചൂർണിക്കര: സാക്ഷരത പരീക്ഷയിൽ ഒന്നാമതായി 75കാരി കാളിക്കുട്ടി.ചൂർണിക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അമ്പാട്ടുകാവ് കാട്ടിൽ പറമ്പ് കോളനിയിലെ പഠിതാക്കൾക്കായി നടത്തിയ ‘മികവുത്സവം’ പരീക്ഷയിലാണ് 90 മാർക്ക് നേടി മിന്നും വിജയം കാഴ്ചവച്ചത്.എസ് സി കോളനിയിലെ നിരക്ഷരരായ പഠിതാക്കളെ സാക്ഷരരാക്കി സർട്ടിഫിക്കറ്റ് നൽകുന്ന നവചേതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത് ഏറ്റവും പ്രായം കൂടിയ കാളിക്കുട്ടിയും, പ്രായം കുറഞ്ഞ 39 വയസ്സുള്ള ശോഭന മനോഹരനും ഉൾപ്പെടെ 21 പേർ പരീക്ഷ എഴുതി. പരീക്ഷയെഴുതിയ എല്ലാവരും വിജയിക്കുകയും ചെയ്തു. ചൂർണിക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 75,000 രൂപ എസ് സി വിഭാഗത്തിൽ നിന്ന് നിരക്ഷരരായവരെ പഠിപ്പിക്കുന്ന നവചേതന പദ്ധതിക്ക് വേണ്ടി വച്ചിരുന്നു,സാക്ഷരത പ്രേരക് ഷൈല ഹാഷിമിന്റെ നേതൃത്വത്തിലാണ് നവചേ തന പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കിയത്. എസ് സി വിഭാഗത്തിൽ നിന്ന് വിദ്യാഭ്യാസമുള്ള ആളെ തന്നെയാണ് പഠിതാക്കൾക്ക് ക്ലാസ് എടുക്കാൻ പഞ്ചായത്ത് നിയമിച്ചത് പഠിതാക്കൾക്ക് വിവിധ ഘട്ടങ്ങളിലായി കൃത്യമായി ക്ലാസ് നൽകിയ ശേഷമാണ് പരീക്ഷ നടത്തിയത് പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഇൻസ്ട്രക്ടർമാർ വാലുവേഷൻ നടത്തി ഫലം പ്രഖ്യാപിച്ചു.
അയ്യങ്കാളി സാംസ്കാരിക നിലയത്തിൽ നടന്ന പരീക്ഷ പഞ്ചായത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് അംഗം പി.എസ്. യൂസുഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷഫീഖ്, റൂബി ജിജി, ഷീല ജോസ്, വാർഡ് അംഗം സബിത സുബൈർ, ജില്ല സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ സുബൈദ, സാക്ഷരത പ്രേരക് ഷൈല ഹാഷിം, നവചേതന ഇൻസ്ട്രക്ടർ കെ.വി. വിജിത എന്നിവർ സംസാരിച്ചു