ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്.
വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന് രാവണനെ നിഗ്രഹിച്ച് ധര്‍മ്മ വിജയം നേടി തിരിച്ചെത്തിയ സുദിനമായി കാണുന്നതാണ് ഇതില്‍ ഒന്ന്.
മറ്റൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടുള്ളതാണ്. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് ആയുധങ്ങള്‍ ശമീവൃക്ഷ ചുവട്ടിലാണ് സൂക്ഷിച്ചിരുന്നത്. അജ്ഞാത വാസം പൂര്‍ത്തിയായതിന് ശേഷം ശ്രീകൃഷ്ണന് പറഞ്ഞത് പ്രകാരം ആയുധങ്ങള്‍ തിരിച്ചെടുത്തു. ഇതിന് ശേഷം ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നും പറയപ്പെടുന്നു.
ഏതായാലും അന്തിമമായി അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കുകയും ചെയ്യും എന്നാണ് മൂന്ന് ഐതിഹ്യങ്ങളും പറഞ്ഞ് വെക്കുന്നത്.
വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനാല്‍ വിജയ ദശമി ദിവസത്തില്‍ തന്നെയാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതും. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി
കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ക്ഷേത്രം ശാന്തി ശശിധര കുറുപ്പ്, കടയ്ക്കൽ മഹാ ശിവ ക്ഷേത്രത്തിൽ രെജു പോറ്റിയും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്തു.ദേവി ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിലും, മഹാ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് വിദ്യാരംഭം ആരംഭിച്ചത്.