തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂരിലേക്ക് തപാല്‍ മുഖേനെയെത്തിയ അഞ്ചുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പിടികൂടി.
കസ്റ്റംസ് പിടികൂടിയ കഞ്ചാവ് എക്‌സൈസിന് കൈമാറി. തൃശൂര്‍ നഗരത്തില്‍ പടിഞ്ഞാറെ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ മാളില്‍നിന്നാണ് അഞ്ചുകിലോ കഞ്ചാവ് തൃശൂര്‍ കസ്റ്റംസ് ആന്‍ഡ് പ്രിവന്റിവ് ഉദ്യോഗസ്ഥന്മാര്‍ പിടികൂടിയത്. കടയുടമ നെടുപുഴ സ്വദേശി വിഷ്ണു (33) ജീവനക്കാരന്‍ പാലക്കാട് സ്വദേശി ആഷിക് (27) എന്നിവരെ കഞ്ചാവടക്കം പിടികൂടി എക്‌സൈസിന് കൈമാറി. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ലഹരിക്കടത്ത് വിവരം ലഭിച്ചത്.
ഏറെ നാളായി കസ്റ്റംസ് ഇവിടം നിരീക്ഷിക്കുകയായിരുന്നു. തൃശൂര്‍ കസ്റ്റംസിന് ഗുവാഹതിയില്‍നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തൃശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹതിയില്‍ നിന്ന് കഞ്ചാവ് സ്പീഡ് പോസ്റ്റില്‍ വരുന്നുണ്ടെന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ട് ഫിറ്റ്‌നെസ് സെന്ററുകളുടെയും ഒരു പ്രോട്ടീന്‍ പൗഡര്‍ വില്‍പന കേന്ദ്രത്തിന്റെയും ഉടമയാണ് പ്രതിയെന്ന് മനസിലാക്കി. ഇതോടെ കസ്റ്റംസ് വല വിരിക്കുകയായിരുന്നു. പൂത്തോള്‍ പോസ്റ്റ് ഓഫീസില്‍നിന്നും ഇത് സംബന്ധിച്ച ഫോണ്‍ നമ്പര്‍ മനസിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, സ്പീഡ് പോസ്റ്റില്‍ വന്ന കടലാസുപെട്ടി ഫോണ്‍ നമ്പര്‍ ഉടമയായ കടയിലെ ജീവനക്കാരനെ കുട്ടിക്കൊണ്ടുപോയി പെട്ടി ഏറ്റെടുക്കുകയായിരുന്നു.
പെട്ടിയിലുണ്ടായിരുന്നത് ‘ഗ്രീന്‍’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവായിരുന്നു. ഉന്നത ശ്രേണിയിലുള്ള ആളുകളാണ് ഇടപാടുകാരെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. ഈ വിലാസത്തില്‍ നാല് തവണ ഗുവാഹതിയില്‍നിന്ന് കഞ്ചാവ് എത്തിയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞത്. സംഭവത്തില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസും എക്‌സൈസും.