ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ എജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാറിന് കൈമാറി. കേന്ദ്ര സർക്കാർ കൊളീജിയം ശുപാർശ അംഗീകരിച്ച് നിയമന ഉത്തരവ് പുറത്തിറക്കുന്നതോടെ എ ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായിട്ടയിരിക്കും എജെ ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് വി ഭാട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താന്‍ കൊളീജിയം അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ഓഫീസിലെ ഒഴിവിലേക്കാണ് എജെ ദേശായി നിയമിക്കുന്നത്.11 വർഷക്കാലത്തെ ഗുജറാത്ത് ഹൈക്കോടതിയിലെ എജെ ദേശായിയുടെ സേവനങ്ങള്‍ എടുത്ത് പറഞ്ഞ കൊളീജിയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് ദേശായി എല്ലാ അർത്ഥത്തിലും യോഗ്യനാണെന്നും വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നില്ലെങ്കില്‍ 2024 ജൂലൈ 4 ന് ജസ്റ്റിസ് എജെ ദേശായി വിരമിക്കും. അതേസമയം, കേരളത്തിന് പുറമെ റീസ്സ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, ബോംബെ, തെലങ്കാന, ഗുജറാത്ത് എന്നീ ഏഴ് ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിത അഗർവാളിനെയാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുള്ളത്.

2011 നവംബർ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ആശിഷ് ജെ ദേശായി എന്ന എജെ ദേശായി നിയമിതനാവുന്നത്. ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ അദ്ദേഹം നിലവിൽ ആ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഓഫീസിന്റെ ചുമതലകൾ വഹിച്ച് വരികയാണ്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകനായും പ്രവർത്തിച്ചു.