
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള ഇട്ടിവ ഗ്രാമപ്പഞ്ചായത്തിൽ ഇട്ടിവ വില്ലേജിൽ, നാലോളം വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന തുടയന്നൂർ എന്ന അതിവിശാലമായ ഗ്രാമത്തിലുള്ള വട്ടപ്പാട് എന്ന പ്രദേശത്തുള്ള കുട്ടികൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് ഒരുമിച്ചു കൂട്ടുകൂടുകയും, ഒഴിവുസമയങ്ങൾ പങ്കിടുകയും ക്രമേണ അവർ വളർന്ന് വലുതാകുന്നതിനാനുസരിച്ച് അവർക്ക് ഒത്തുകൂടുന്നതിനും, ആശയവിനിമയം നടത്തുന്നതിനും, കലാകായിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിക്കണം എന്ന ആശയം ഉടലെടുക്കുകയും ചെയ്‌തു.

അങ്ങനെ കൂട്ടുകാരൊത്തു രൂപീകരിച്ച സൗഹൃദത്തിൻറെ കൂട്ടായ്‌മ എന്ന അർത്ഥത്തിൽ ‘ഫ്രണ്ട്‌സ് കലാകായിക കേന്ദ്രം വട്ടപ്പാട്’ എന്ന പേരിൽ, 1955 ലെ തിരു-കൊച്ചി സാഹിത്യ-ശാസ്ത്രീയ ധർമ്മസംഘങ്ങൾ രജിസ്റ്റർചെയ്യൽ നിയമപ്രകാരം 2007 ൽ രജിസ്റ്റർ ചെയ്യുകയും 2008 ൽ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻകീഴിലുള്ള നെഹ്രു യുവ കേന്ദ്രയുടെയും, കേരളാ സംസ്‌ഥാന യുവജന ക്ഷേമ ബോർഡിൻറേയും അഫിലിയേഷൻ നേടുകയും, നെഹ്രു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പുകളിലുൾപ്പടെ ഇതിൻറെ പ്രവർത്തകൻ പങ്കെടുക്കുകയും, യുവജനക്ഷേമ ബോർഡിൻറേയും ജൻശിക്ഷൺ സൻസ്‌ഥാനിൻറെയും, എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും,

വിവിധ ആശുപത്രികളുടേയുമൊക്കെ ആഭിമുഖ്യത്തിൽ വിവിധ ക്യാംപയ്‌നുകൾ, മെഡിക്കൽ ക്യാമ്പുകൾ, ട്രെയിനിങ്ങ് ക്ലാസുകൾ എന്നിവ സംഘടിപ്പിച്ച്, ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും, കലാകായിക പ്രവർത്തനങ്ങൾ നടത്തുകയും, വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, ധാരാളം സമ്മാനങ്ങൾ വാങ്ങുകയും ചെയ്‌തു

. ഇങ്ങനെ ലഭിച്ച ട്രോഫികളും മറ്റും സൂക്ഷിക്കുവാൻ സ്‌ഥലത്തുള്ള ഒരു വീടിനോട് ചേർന്നുള്ള ഒരു ചെറിയ മുറി വീട്ടുടമ നൽകി. തുടർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ ഓയിൽ പാം ജങ്ഷനിൽ ഒരു കടമുറി വാടകയ്‌ക്കെടുത്ത് പ്രവർത്തനം മെച്ചപ്പെടുത്തി. ഇട്ടിവ ഗ്രാമപഞ്ചായത്ത് കലോത്സവങ്ങളിൽ പങ്കാളികളായും, ആതിഥേയരായും നിറസാന്നിധ്യമാണ് ഫ്രണ്ട്‌സ് കലാകായിക കേന്ദ്രം.
ഈ കുട്ടികൾ വളർന്ന് വലുതാകുന്നതനുസരിച്ച് ഈ കലാകായിക കേന്ദ്രത്തെ ഒരു ഗ്രന്ഥശാലയാക്കിമാറ്റണം എന്ന ആശയം ഉടലെടുത്തു.

അങ്ങനെ പ്രദേശവാസികളുടെ സഹകരണത്തോടെ ഗ്രന്ഥശാലയാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ഇതിലെ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിച്ച പുസ്‌തകങ്ങളും സംഭവനകളായി ലഭിച്ച പുസ്‌തകങ്ങളും, പുസ്‌തകോത്സവങ്ങളിൽ നിന്നും വാങ്ങിയ പുസ്‌തകങ്ങളുമെല്ലാം ചേർത്ത് ഏകദേശം മൂവായിരത്തോളം പുസ്‌തകങ്ങളുമായി 2011 മുതൽ ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല ആൻഡ് വായനശാല എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു.
ഈ ഗ്രന്ഥശാലയുടെ പ്രവർത്തകരുടെയും, പൊതുജനങ്ങളുടെയും, നാളുകളായുള്ള അഭിലാഷമായിരുന്നു വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയ്ക്ക് ഒരു ആസ്‌ഥാനമന്ദിരം നിർമ്മിക്കുന്നതിനായി വസ്‌തു വാങ്ങുക എന്നത്. അങ്ങനെ ധനശേഖരണാർദ്ധം മണ്ണൂർ ഓഡിറ്റോറിയത്തിൽ ഒരു മാജിക് ഷോ നടത്തി. ഇതിലൂടെ ലഭിച്ച തുകയും, ഓണാഘോഷങ്ങളുടെ നടത്തിപ്പിനായിലഭിച്ച തുകകളിൽ നിന്നും മിച്ചം വെച്ചതും മാസവരി ഇനത്തിൽ ലഭിച്ച തുകകളും ചേർത്ത് തുടയന്നൂർ സർവീസ് സഹകരണബാങ്കിൽ നിക്ഷേപിച്ചു.
വായനശാല നിർമ്മിക്കുന്നതിനനുയോജ്യമായ വസ്‌തു കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം ഒടുവിൽ മൂന്ന് പ്രദേശങ്ങളിൽ നിന്നും വരുന്ന റോഡുകൾ സംഗമിക്കുന്ന ഇവിടുത്തെ ഒരു പ്രധാന ജങ്ഷനിൽ വസ്‌തു കണ്ടെത്തി അത് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
വസ്‌തു വാങ്ങുന്നതിനായി ഗ്രന്ഥശാല പ്രവർത്തകരും പ്രദേശവാസികളും വിദേശത്ത് ജോലിതേടിപ്പോയവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും, വസ്‌തു വാങ്ങി രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. തുടർന്ന് ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും 2022 ജൂലൈ 10 ന് മന്ത്രി എത്തി അത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്‌തു.
നിലവിൽ, ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല ആൻഡ് വായനശാല നാലായിരത്തിലധികം പുസ്‌തകങ്ങളും പത്ത് ആനുകാലികപ്രസിദ്ധീകരണങ്ങളും ഏഴ് ദിനപ്പത്രങ്ങളുമായി തലയെടുപ്പോടെ തുടയന്നൂർ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. പരിശീലന ക്ലാസുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങളടങ്ങിയ, വായശാല, ഗ്രന്ഥശാല, റഫറൻസ് ഏരിയ, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ കോർത്തിണക്കി മൂന്നു നിലകളിലായാണ് ആസ്‌ഥാന മന്ദിരം പൂർത്തിയാകുന്നത് ഇതിൻറെ ഒന്നാംഘട്ടമായി ഒന്നാം നിലയുടെ ജോലികൾ പൂർത്തിയാക്കി 2025 മെയ് മാസം 24 ശനിയാഴ്ച്ച വൈകുനേരം 04.00 മണിക്ക് മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുകയാണ്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ ഉദ്‌ഘാടനമഹോത്സവത്തിൽ വിവിധ മത്സരപ്പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുകയും കലാമത്സരങ്ങൾ വാഹന വിളംബര ജാഥ സാസ്‌കാരിക ഘോഷയാത്ര പൊതുസമ്മേളനം നാടൻപാട്ട് പ്രാദേശിക കലാകാരുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സിനിമാ നടനും എഴുത്തുകാരനുമായ മധുപാൽ മുഖ്യ അതിഥിയായി എത്തിച്ചേരുന്നു.


