നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്നത്തിന്റെ അഭിമാനത്തോടെയാണ് സർക്കാർ വാർഷികത്തിൽ ജനങ്ങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും എന്നത് കണക്കിലെടുക്കുമ്പോൾ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വർഷത്തിലേയ്ക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016-ൽ അധികാരമേൽക്കുമ്പോൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്ന അഭിമാനത്തോടെയും ചാരിതാർത്ഥ്യത്തോടെയും ഈ വാർഷികത്തെ എതിരേൽക്കുന്നത്.

അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉൾപ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്കു മുന്നിൽ വെല്ലുവിളികളുയർത്തി. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ നാടിനായി നിൽക്കേണ്ടവർ പലരും നമുക്കെതിരെ നിന്നു. വർഗീയ ശക്തികൾ ഭിന്നതകൾ സൃഷ്ടിച്ച് ദുർബലപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ ഓരോ ആപൽഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകൾ ഉയർത്തി ജനങ്ങളും സർക്കാരും ഒന്നിച്ചുനിന്നു നേരിട്ടു. ജീവിതനിലവാര സൂചികകളിൽ മാത്രമല്ല വ്യവസായ സൗഹൃദാന്തരീക്ഷത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് തെളിയിച്ചു. പശ്ചാത്തലസൗകര്യം, വ്യവസായം, സ്റ്റാർട്ടപ്പ്, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുആരോഗ്യ രംഗം, കൃഷി, ടൂറിസം, ഭക്ഷ്യപൊതുവിതരണം, ഭൂവിതരണം, ജനക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാ രംഗങ്ങളിലും അഭൂതപൂർവ്വമായ വളർച്ച ഇക്കാലയളവിൽ കേരളം കൈവരിച്ചു. എണ്ണമറ്റ ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നമ്മെ തേടിയെത്തി.

ഈ നേട്ടങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് ഈ സർക്കാർ അഞ്ചാമത്തെ വർഷത്തിലേയ്ക്ക് കടക്കുന്നത്. നാടിനെ ഭിന്നിപ്പിക്കുന്ന ശക്തികളെ അവഗണിച്ച് ജനങ്ങളും ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിൽക്കുകയാണ്. ഓരോ വാർഷികാഘോഷ വേദിയിലും അലയടിച്ചെത്തുന്ന ജനസാഗരം ഈ സർക്കാർ തുടരുമെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറുകയാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസവും അവരുടെ പിന്തുണയും ഊർജ്ജവും പ്രചോദനവുമാക്കി അവർക്കു നൽകിയ വാക്കു പാലിക്കാൻ പ്രതിബദ്ധതയോടെ സർക്കാർ മുന്നോട്ടു പോകും. ഈ വാർഷികാഘോഷ വേളയിൽ മുഖ്യമന്ത്രി നാടിന് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *