
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 444 ബസ്സുകൾ ആണ് സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്.
ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിന്, കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, സാങ്കേതിക, മാനേജീരിയൽ, പ്രവർത്തന പിന്തുണ എന്നിവ നൽകുന്നതിനും, KIIFB ധനസഹായം നൽകുന്ന പുതിയ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സംസ്ഥാന പ്ലാൻ സ്‌കീമുകൾക്ക് കീഴിലുള്ള ബസുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്‌കീമുകൾക്ക് കീഴിൽ ലഭിച്ച ബസുകൾ, സ്‌പോൺസർഷിപ്പിന് കീഴിൽലഭിച്ച ബസുകൾ തുടങ്ങീ വിവിധ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യമിട്ട് ആണ് KSRTC-SWIFTന്റെ രൂപീകരണം.
പ്ലാൻ ഫണ്ട് ഉപയോഗിച്ച് 8 പ്രീമിയം മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ, 20 സെമീ പ്രീമിയം എ.സി. സീറ്റർ, 88 നോൺ എ.സി. എയർ സസ്‌പെൻഷൻ ബസുകളും, കിഫ്ബി ഒന്നാംഘട്ട ധനസഹായമായ 359 കോടി രൂപയിൽ നിന്ന് 46.22 കോടി രൂപക്ക് 50 ഇലക്ട്രിക് ബസ്സുകളും, 2022-23-ൽ സർക്കാർ പദ്ധതി വിഹിതമായ 50 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസുകളും, ഇതിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസ്സുകളും വാങ്ങി. കൂടാതെ, കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി ഒരു എ/സി സ്ലീപ്പർ കം സീറ്റർ ബസും, ഒരു നോൺ-എ/സി സ്ലീപ്പർ കം സീറ്റർ ബസുകളും വാങ്ങുകയുണ്ടായി.
2023-24 വർഷത്തേക്കുള്ള പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ച് 20 സൂപ്പർഫാസ്റ്റ് ഡീസൽ BSVI ബസുകൾവാങ്ങി 2024 ജനുവരി 11 മുതൽ സർവീസും ആരംഭിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് 2 (രണ്ട്) ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങുകയും തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംരംഭത്തിന് കീഴിൽ ഈ ബസുകൾ സർവീസ് നടത്തിവരുന്നു.
നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഈ സൗകര്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസുകൾ വാങ്ങുകയും 2023 ആഗസ്റ്റ് 26 മുതൽ സർവീസ് നടത്തുകയും ചെയ്യുന്നു. കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി 13 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങി. ഈ ബസുകളുടെ സർവീസുകൾ 2024 ഒക്ടോബർ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 165 ഇലക്ട്രിക്ക് ബസ്സുകളടക്കം 444 ബസ്സുകൾ സ്വിഫ്റ്റിൽ സർവീസ് നടത്തി വരുന്നു.
സ്വിഫ്റ്റ് സർവീസുകളുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കി. ബസുകൾ സർവീസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ 1789 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ 10 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പ്. കെഎസ്ആർടിസി സ്വിഫ്റ്റ്, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.


