
കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ പിടിയിൽ. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസില്‍ രണ്ട് ടാൻസാനിയൻ സ്വദേശികളും നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ.
കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണെന്നാണ് റിപ്പോർട്ട്.


