പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്. ഇതിലൂടെ അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏകീകൃതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തം കട്ടപിടിക്കുന്നതില്‍ വരുന്ന തകരാറുകള്‍ മൂലമുണ്ടാകുന്ന ഹീമോഫീലിയ രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 17 ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകനായ ഫ്രാങ്ക് ഷ്‌നാബലിന്റെ ജന്മദിനമാണ് ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. ‘Access for All: Women and Girls Bleed Too’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഹീമോഫീലിയ ബാധിച്ച സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രോഗനിര്‍ണയത്തിലും ചികിത്സയിലും തുല്യത ലഭിക്കണം എന്നതിനാണ് ഈ തീം ഊന്നല്‍ നല്‍കുന്നത്.

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു.

നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് നല്‍കിവരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *