ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.

ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും നടത്തുന്നത്. 

ഏപ്രില്‍ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം

. ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസുകള്‍ വഴിയും റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ച് ഇന്ററാക്ടീവ് രീതിയിലാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക്-ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. 

വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്‍പ്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠനോത്സവം. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് എല്ലാ വര്‍ഷവും വേനല്‍ അവധിക്കാലത്ത് ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു. രണ്ടാമത് പഠനോത്സവക്യാമ്പാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496100303, 9539123878 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *