

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 10 വരെ ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ , ഭാവി കേരളത്തിന്റെ സാധ്യതകൾ എന്നിവ സർഗാത്മകമായും നൂതന രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രദർശന നഗരി സന്ദർശിച്ചതിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. ഉദ്ഘാടന വേളയിൽ എം നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ജില്ലാ കളക്ടർ എൻ ദേവിദാസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്,

അഡീ. ഡയറക്ടർമാരായ വി സലിൻ, വി പി പ്രമോദ് കുമാർ, കെ ജി സന്തോഷ്, എ.ഡി.എം ജി നിർമൽകുമാർ, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, സബ് കളക്ടർ നിഷാന്ത് സിഹാര, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, പി ആർ ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺ എസ്.എസ്. തുടങ്ങിയവർ സംബന്ധിച്ചു.കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകൾ അവതരിപ്പിച്ച പവിലിയനാണ് മേളയുടെ പ്രത്യേകത.

വിവിധ വകുപ്പുകളുടെ തീം-വിപണന സ്റ്റാളുകൾ, പുസ്തക മേള, സാഹിത്യചർച്ച, കവിയരങ്ങ് എന്നിവ മേളയുടെ ഭാഗമായി നടക്കും. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ മാർച്ച് എട്ട് വരെ വൈകുന്നേരങ്ങളിൽ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഏകോപനത്തിൽ ജില്ലാ ഭരണകൂടവും സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തീം സ്റ്റാളുകൾ, തത്സമയ സേവനം നൽകുന്ന സ്റ്റാളുകൾ, വ്യവസായ- വാണിജ്യ- സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാകും. മേളയോടനുബന്ധിച്ച് രൂപാ രേവതി വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.
മാർച്ച് നാലിന് മട്ടന്നൂരും 51 അംഗസംഘവും ഒരുക്കുന്ന ചെണ്ടമേളം
ആശ്രാമം മൈതാനത്ത് കൊല്ലം@75 മേളയോടനുബന്ധിച്ച് മാർച്ച് നാലിന് വൈകിട്ട് 6.30ന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 51 കലാകാരനന്മാർ അണിനിരങ്ങുന്ന ചെണ്ടമേളം അരങ്ങേറും.



