കൊച്ചി : പുതുതലമുറയെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുന്നതിനും സുരക്ഷിതവും അച്ചടക്കവുമുള്ള പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെയും ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ‘നോ ടു ഡ്രഗ്സ് ‘ പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാവുകയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ കൊച്ചി ക്യാമ്പസില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ പ്രതിജ്ഞ രേഖാമൂലം എഴുതി നൽകണം. തീരുമാനം നിര്‍ബന്ധമാക്കിയതിലൂടെ മയക്കുമരുന്നിനെതിരെയുള്ള തങ്ങളുടെ കര്‍ക്കശമായ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി. പുതിയതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നിലവിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിജ്ഞ നിര്‍ബന്ധമാക്കും. കൊച്ചിയിൽ ആദ്യമായി ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാർച്ച് 26 ന് ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ഡ്രോൺഷോ പ്രോഗ്രാം വേദിയിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.

വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തുക, പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്നിവയാണ് ഇതിലൂടെ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്. ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, നൂതനാശയങ്ങള്‍ അവതരിപ്പിക്കുക, സംരംഭകത്വം,യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ മികച്ച വാസസ്ഥലമാക്കി മാറ്റുവാൻ സര്‍വകലാശാല വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായാണ് ഡ്രഗ് ഫ്രീ ക്യാമ്പസ് പദ്ധതിയുടെ പ്രഖ്യാപനം. ജെയിൻ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഗോളശ്രദ്ധ കൈവരിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ ദീർഘകാല പദ്ധതിയാണ് ഫ്യൂച്ചർ കേരള മിഷൻ.

പ്രവേശന വേളയില്‍ ലഹരി ഉപയോഗിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങുന്നതിലൂടെ ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്തം, ലീഡര്‍ഷിപ്പ്, സത്യസന്ധത എന്നീ മൂല്യങ്ങള്‍ ഉറപ്പാക്കുവാനും സര്‍വകലാശാലയ്ക്ക് കഴിയും. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ മാതാപിതാക്കളുടെ നിര്‍ണായക പങ്കും അനിവാര്യമാണ്. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയും മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു.

മയക്കുമരുന്ന് രഹിത ജീവിതമാണ് ജെയിന്‍ യൂണിവേഴ്സിറ്റി തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്ന മൂല്യങ്ങളുടെ പ്രധാന കാതലെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. സര്‍വകലാശാല വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ വിദ്യാര്‍ത്ഥികളെ മാറ്റത്തിന് പ്രചോദനം നല്‍കുവാനും സമൂഹത്തെ മാതൃകാപരമായി നയിക്കുവാനും പ്രാപ്തരാക്കും. കൂടാതെ, വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും ആഗോള ഹബ്ബാകുവാനുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് മികച്ച സംഭാവനകള്‍ നല്‍കുവാന്‍ പുതുതലമുറയെ ശേഷിയുള്ളവരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് മയക്കുമരുന്ന് പോലുള്ള ഗുരുതരമായ സാമൂഹിക വെല്ലുവിളികളെ നേരിടേണ്ടത് അനിവാര്യമാണ്. പുതിയ നടപടിയിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി’- കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി പ്രോ- വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്സിറ്റി. ഫ്യൂച്ചർ കേരള മിഷൻ്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിൽ പുതിയ സ്വകാര്യ സർവകലാശാലയും ഉടൻ സ്ഥാപിക്കും. പുതിയ യൂണിവേഴ്സിറ്റിക്ക് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉപക്യാമ്പസുകളുമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *