കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ്‌ മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ രിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്.മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.