പത്തനംതിട്ട അടൂരിൽ അയൽവാസിയുടെ കോഴി ‘പ്രതി​’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീട്ടിലെ കോഴിയാണ് പ്രതി.

പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്നും സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒക്ക് പരാതി നൽകിയത്. തുടർന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങൾ കേട്ടറിഞ്ഞ ശേഷം ആർഡിഒ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വീടിന്റെ മുകൾനിലയിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ആർഡിഒക്ക് ബോധ്യപ്പെട്ടു.

പ്രശ്നപരിഹാരമായി അനിൽ കുമാറിന്റെ വീടിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റിസ്ഥാപിക്കാനാണ് അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നാണ് നിർദേശം. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നാണ് ആർഡിഒയുടെ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *