റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ റവന്യൂ മന്ത്രി കെ രാജന്റെ ധനാഭ്യർത്ഥന പരിഗണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് ചർച്ചയുടെ മറുപടിയിൽ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിന് തുക വകയിരുത്തിയതായി പ്രഖ്യാപിച്ചത്.

റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും ജനകീയ പദ്ധതിയാണ് ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ്.  2026 ജനുവരിയോടെ മുഴുവൻ ഭൂവുടമകൾക്കും കാർഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അധികമായി പട്ടയ മിഷന് കൂടുതൽ തുകയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ 3 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.  ഇതിന് പുറമേ 2 കോടി രൂപയാണ് അധികമായി അനുവദിക്കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപനത്തിൽ പറഞ്ഞു.

ഡിജിറ്റൽ സർവ്വേ പ്രവർത്തനത്തിൽ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാഷണൽ കോൺക്ലേവ് ഓൺ ഡിജിറ്റൽ സർവ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോർട്ടൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ 25 ലക്ഷം രൂപ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള റവന്യൂ, സർവ്വേ വകുപ്പ് മന്ത്രിമാരും പങ്കെടുക്കുന്നതാണ് ഡിജിറ്റൽ സർവ്വേ കോൺക്ലേവ്.

റവന്യൂ വകുപ്പ് നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിക്കുന്നതിന് ഉദ്ദേശിക്കുന്നു.  ഇതിനായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *