ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്‌സെല്ലോ’ സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയൽക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഒപ്പം നിലവിൽ പ്രവർത്തിച്ചു വരുന്നവയെ പുനഃസംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാർഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്‌സിലറി ഗ്രൂപ്പുകളുടെ കൺസോർഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ലോക്ക് വീതം തിരഞ്ഞെടുത്ത് അയൽക്കൂട്ടങ്ങളിൽ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയിൽ പ്രായമുള്ള ഒന്നിലധികം യുവതികൾക്ക് ഓക്‌സിലറി ഗ്രൂപ്പിൽ അംഗത്വമെടുക്കാനാകും. സി.ഡി.എസുകളിൽ നിന്നാണ് അഫിലിയേഷൻ എടുക്കേണ്ടത്.

ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങൾക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാൻ സഹായിക്കുക എന്നതും ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി അവർക്ക് തദ്ദേശീയമായ ബിസിനസ് മാതൃകകൾ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴിൽ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും

.

കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാർത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. തുടർന്ന് ഓക്‌സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *