പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികള്‍ നടത്തുന്നു. ഫെബ്രുവരി 22 ന് രാവിലെ 7ന് ആശ്രാമം മൈതാനിയില്‍ നിന്നും ആരംഭിച്ച് കൊല്ലം ബീച്ചില്‍ സമാപിക്കുന്നവിധം വാക്കത്തോണ്‍ സബ്കളക്ടര്‍ നിഷാന്ത് സിഹാര ഫ്ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്ന് എസ്.എന്‍ കോളജ് എന്‍.എസ്.എസ് യൂണിറ്റ് നാടകം അവതരിപ്പിക്കും. ഫെബ്രുവരി 24 രാവിലെ ഒമ്പത് മുതല്‍ കൊല്ലം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഈറ്റ് റൈറ്റ് മേളയുടെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം, മില്ലറ്റ് റസിപ്പി മത്സരം, പാനല്‍ ചര്‍ച്ച, സ്‌പോട്ട് ക്വിസ്, സാംസ്‌കാരിക പരിപാടിയും നടത്തും.

രാവിലെ 9.30ന് ജില്ലാകലക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ റ്റി.എസ് വിനോദ്കുമാര്‍ അധ്യക്ഷനാകും. നോഡല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എ.അനീഷ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.അനിത, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ ബിന്ദു, ഡി.പി.എം എന്‍.എച്ച്.എം ഡോ. ദേവ്കിരണ്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍,

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി . ബിജി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മാറുന്ന ഭക്ഷണശീലങ്ങള്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മേടയില്‍ മുക്ക് രേവതി കലാക്ഷേത്ര നൃത്ത വിദ്യാലയം ക്ലാസിക്കല്‍ ഫ്യൂഷന്‍, എസ്.എന്‍ കോളജ് വിദ്യാര്‍ഥികള്‍ നാടന്‍പാട്ട്, നാടകം എന്നിവ അവതരിപ്പിക്കും.