
കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നേതൃത്വം നൽകുന്ന കേരള എന്റർപ്രണേഴ്സ് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിഐഐ സെന്റർ ഓഫ് എക്സലൻസ് ഓൺ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കി മാറ്റുകയും സൂക്ഷ്മ സംരംഭങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിടുന്നു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സമ്പദ്‌വ്യവസ്ഥയിൽ വഹിക്കുന്ന നിർണായക പങ്ക് മനസിലാക്കി കൊണ്ട് ഇത്തരം സംരംഭങ്ങളെ പിന്തുണക്കുകയാണ് ഫോറം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായങ്ങളെ സൂക്ഷ്മ സംരംഭകരുമായി ബന്ധിപ്പിക്കുക, മെന്റർഷിപ്പ് പ്രോഗ്രാമുകൾക്ക് സൗകര്യമൊരുക്കുക, നൈപുണ്യ വികസനം ത്വരിതപ്പെടുത്തുക, വളർച്ച കൈവരിക്കാവുന്ന ബിസിനസ് മോഡലുകൾ വികസിപ്പിക്കുക എന്നിവയിൽ ഈ സെന്റർ ഓഫ് എക്സലൻസ് ശ്രദ്ധ കേന്ദ്രീകരിക്കും
മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, ശേഷി വർദ്ധിപ്പിക്കൽ പ്രോഗ്രാമുകൾ എന്നിവ ഫോറം വാഗ്ദാനം ചെയ്യുന്നു. സൂക്ഷ്മ സംരംഭകർക്ക് വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും വ്യവസായ മെന്റർഷിപ്പ് നേടാനും ബിസിനസ്സ് മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനുമുള്ള വേദി ഫോറം ഒരുക്കും.

വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ പിന്തുണയോടെ ആദ്യ ബാച്ചിലെ 50 സൂക്ഷ്മ സംരംഭകർക്ക് അവരുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, പരിശീലനം, വ്യവസായ ബന്ധങ്ങൾ എന്നിവ ലഭ്യമാക്കും. സംരഭകർക്ക് മെൻ്റർഷിപ്പ് നൽകുക നവാസ് മീരാനും, വിനോദ് മഞ്ഞിലയുമാണ്.
സംസ്ഥാനത്ത് സൂക്ഷമ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, സിഐഐ ദക്ഷിണ മേഖല ചെയർപേഴ്‌സൺ ഡോ. ആർ നന്ദിനി, സിഐഐ ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നിലവിലെ ബിസിനസ് സംരംഭകർ സൂക്ഷ്മ സംരംഭകരെ പിന്തുണച്ച് അടിത്തട്ടിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തണമെന്ന് സിഐഐ ആഹ്വാനം ചെയ്തു. സൂക്ഷ്മ സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ നിതിൻ യോഗത്തിൽ പറഞ്ഞു.
സഹകരണത്തിന്റെ പ്രാധാന്യം സിഐഐ പ്രതിനിധികൾ എടുത്തുപറയുകയും സെന്ററും സംസ്ഥാന സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം മുഖ്യമന്ത്രിയിൽ നിന്ന് തേടുകയും ചെയ്തു. ഈ സംരംഭം ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുമെന്നും തൊഴിൽ സൃഷ്ടിക്കുമെന്നും കേരളത്തിൽ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും സിഐഐ പ്രത്യാശ പ്രകടിപ്പിച്ചു.



