

രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബർ കമാൻഡോകളെ തിരഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറൻസിക് സയൻസ് സർവ്വകലാശാല (എൻ എഫ് എസ് യു ) 2025 ജനുവരി 11 ന് ദേശീയ തലത്തിൽ നടത്തിയ പരീക്ഷയിലാണ് കേരളത്തിൽ നിന്ന് 73 പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ടത്.
തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വിജയിച്ചത്. 172 പേർ.
ഐഐടിയിലും എൻഎഫ്‌എസ്‍യുവിയിലും ഡിജിറ്റൽ ഫോറൻസിക്, ഇൻസിഡന്റ് റെസ്‌പോൺസ്, ഐസിടി ഇൻഫ്രാസ്ട്രക്ചർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇവർക്ക് സൈബർ കമാൻഡോ പ്രത്യേക ശാഖയിൽ നിയമനം ലഭിക്കും.
ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (i4c) മുഖേന സൈബർ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തെ സൈബർ ഭീഷണികൾ ചെറുക്കുന്നതിനുമായാണ് പ്രത്യേക സൈബർ കമാൻഡോകളുടെ സേന രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ എൻഎഫ്‌എസ്‍യു ഡൽഹി സൈബർ കമാൻഡോ പരീക്ഷ നടത്തിയത്. ഇതിൽ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കീഴിലുള്ള 3200 ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഉയർന്നു വരുന്ന സൈബർ അക്രമണങ്ങൾ ചെറുക്കാനും, രാജ്യത്തിന്റെ സൈബർ പ്രതിരോധം ശക്തിപ്പെടുത്താനും പുതിയ സൈബർ കമാൻഡോ സ്ക്വാഡുകൾ വലിയ സഹായം ചെയ്യും


