കൊല്ലം ജില്ലയിലെ മോഡൽ വില്ലജ് ലൈബ്രറിയായ ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ പ്രഥമ എസ്.സുകുമാരൻ സ്മാരക അവാർഡ്-2023-2024 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ലാലാജി ലൈബ്രറിക്ക് സമർപ്പിക്കും. ഗ്രന്ഥശാല രംഗത്തെ മികവുറ്റ ദീർഘകാല പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡി.സുകേശൻ, സെക്രട്ടറി വി.മുരളീകൃഷ്‌ണൻ, സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡന്റ് ജെ.സി അനിൽ എന്നിവരടങ്ങിയ ജഡ്‌ജിംഗ് പാനലാണ് അവാർഡിനർഹമായ ഗ്രന്ഥശാലയെ തിരെഞ്ഞെടുത്തത്.
50 പത് വർഷത്തിലധികം ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാലയുടെ പ്രസിഡന്റായും വിവിധ കാലയളവിൽ ഭരണ സമിതി അംഗമായും ഗ്രന്ഥശാല രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച എസ്.സുകുമാരൻ മികച്ച ഭാഷ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്വജീവിതം ഗ്രന്ഥശാല പ്രസ്ഥാനത്തിനും വൈജ്ഞാനിക മേഖലക്കും സമർപ്പിച്ച എസ്.സുകുമാരന്റെ പേരിൽ സൻമാർഗ്ഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ അവാർഡ് ഈ വർഷം മുതൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡുകളിൽ ഒന്നാകും.
1929 ഒക്ടോബർ 26ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ സ്ഥാപിക്കപ്പെട്ട ലാലാജി സ്മാരക ഗ്രന്ഥശാല സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിൽ ഒന്നാണ്. 96 വർഷം പഴക്കമുള്ള ഈ ഗ്രന്ഥശാല 1934 ഫെബ്രുവരി 20ന് മഹാത്മാ ഗാന്ധിയുടെ സന്ദർശനം കൊണ്ട് അനുഗ്രഹീതമായി. 1931 മാർച്ച് 27 ന് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മകളും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ഇന്ദിരാ പ്രിയദർശിനി, ഭാര്യ കമല നെഹ്റു തുടങ്ങിയ നിരവധി പ്രമുഖരായ ദേശീയ നേതാക്കൾ ഈ ഗ്രന്ഥാലയം സന്ദർശിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെയും ഐക്യ കേരളത്തിലെയും സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്വല വ്യക്തിത്വങ്ങൾ ഈ ഗ്രന്ഥശാല സന്ദർശിച്ചിട്ടുണ്ട്.
25000 പുസ്തകങ്ങളും 6000 ത്തിലധികം അംഗങ്ങളുമുള്ള കൊല്ലം ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക സ്ഥാപനവും സംസ്ഥാനത്തെ പ്രമുഖ എ+ ഗ്രേഡ് ഗ്രന്ഥശാലകളിൽ ഒന്നുമാണ്. ഈ അക്ഷരാലയം. പ്രൊ.നീലകണ്ഠ പിള്ള പ്രസിഡന്റായും, വള്ളിക്കാവ് മോഹൻദാസ് സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ് ലാലാജി ഗ്രന്ഥശാലക്ക് നേതൃത്വം നൽകുന്നത്.
10,001 രൂപയും, മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 2025 ജനുവരി 22 വൈകുന്നേരം 3 മണിക്ക് സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വച്ച് മുൻ കൃഷി വകുപ്പ് മന്ത്രിയും എഴുത്ത്കാരനുമായ മുല്ലക്കര രത്നാകരൻ സമർപ്പിക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡി.സുകേശൻ, സെക്രട്ടറി വി.മുരളീകൃഷ്‌ണൻ, ജോയിന്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, ലാലാജി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് പ്രൊ.നീലകണ്ഠ പിള്ള സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കും.
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അധ്യക്ഷത വഹിക്കുമെന്ന് ഗ്രന്ഥശാല സെക്രട്ടറി ജി.എസ്.പ്രിജിലാൽ അറിയിച്ചു.