കടയ്ക്കൽ: ക്ഷീര മേഖലയിൽ അനന്തമായ തൊഴിൽ സാധ്യതയാണുള്ളതെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ 73)-മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്ഷീര വികസന സെമിനാറും ക്ഷീര കർഷക അവാർഡ് ദാനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുകിട വ്യവസായിക മേഖലകളിലേക്ക് ക്ഷീര കർഷകർ ധൈര്യപൂർവ്വം കടന്ന് വരണമെന്ന് മന്ത്രി പറഞ്ഞു. ചടയമംഗലം നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് ദാനവും, മികച്ച ക്ഷീര കർഷകരെ ആദരിക്കലും യോഗത്തിൽ വച്ച് മന്ത്രി നിർവ്വഹിച്ചു. യോഗ ശേഷം ക്ഷീര മേഖലയിലെ സംരംഭക സാധ്യതകൾ എന്ന വിഷയത്തിൽ പത്തനാപുരം ക്ഷീര വികസന ഓഫീസർ എസ്.ബിജു, പാൽ ഗുണമേന്മ വർദ്ധന വഴികൾ എന്ന വിഷയത്തിൽ ക്ഷീര വികസന വകുപ്പ് ജില്ലാ ക്വളിറ്റി കൺട്രോൾ ഓഫീസർ പ്രിൻസി ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു.
ചിതറ ക്ഷീരോൽപാദ സഹകരണ സംഘം പ്രസിഡന്റ് കണ്ണങ്കോട് സുധാകരൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ സ്വാഗതമാശംസിച്ചു. കാംകോ ഡയറക്ടർ എസ്.ബുഹാരി, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ചിതറ എസ്.മുരളി, കെ.എൽ.ഡി.ബോർഡ് എം.ഡി ഡോ.രാജീവ്,
കേരള ഫീഡ്സ് എം.ഡി.ഡോ.ബി.ശ്രീകുമാർ, ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.അജിത്ത് എ.എ.ൽ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, ഗ്രന്ഥശാല സെക്രട്ടറി ജി.എസ്.പ്രിജിലാൽ ജില്ലാ ക്ഷീരവികസന ഓഫീസർ മഹേഷ് നാരായണൻ, ചടയമംഗലം ക്ഷീരവികസന ഓഫീസർ ബി.ആശ തുടങ്ങിയവർ പങ്കെടുത്തു.